Monday, February 15, 2016

ജെ. എന്‍. യു. വില്‍ സംഭവിക്കുന്നത്‌

ജെ.എന്‍.യു.വില്‍ സംഭവിക്കുന്നത്  
മഹേഷ് കക്കത്ത് 
ആശയസംവാദങ്ങളുടെയും വിദ്യാഭ്യാസമികവിന്റെയും കേന്ദ്രമാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി. ഇന്ത്യയിലെ പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെ പഠന കേന്ദ്രം എന്ന ഖ്യാതിയുള്ള ഡല്‍ഹി ജെ.എന്‍.യു. എന്നും ഇടതുപക്ഷ ആശയങ്ങളുടെ ശക്തമായ കേന്ദ്രമായിരുന്നു. വര്‍ഗ്ഗീയതയ്ക്കും വിഘടനവാദത്തിനും അരാഷ്ട്രീയതയ്ക്കും ജാതിവിവേചനത്തിനും എതിരായ ശബ്ദത്തിന്റെ 'പ്രഭവകേന്ദ്രം' കൂടിയാണ് ജെ.എന്‍.യു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളില്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ്. അതുകൊണ്ടാണ് യമുനയുടെ തീരത്തെ 'ലെനിന്‍ ഗ്രാഡ്' എന്ന് വിശേഷണം ലഭിച്ചത്.
ജെ.എന്‍.യു.വിന്റെ ഇടതുപക്ഷ മനസ്സ് തകര്‍ത്ത് അവിടെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടിലേറെയായി സംഘപരിവാറും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി.യും  ശ്രമിക്കുകയാണ്. 1990-ല്‍ ദല്‍ഹിയെ പിടിച്ചുലച്ച മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ കാലംതൊട്ട് കാമ്പസില്‍ കടന്നുചെല്ലാന്‍ അവര്‍ നടത്തിയ ശ്രമം പക്ഷേ പരാജയപ്പെടുകയായിരുന്നു. അന്നുമുതല്‍ ആരംഭിച്ച പകയുടെ മൂര്‍ത്തീഭാവമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജെ.എന്‍.യുവില്‍ നടക്കുന്നത്. 
നരേന്ദ്രമോഡിയുടെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കടന്നുവരവിന് ശേഷം 2015 മാര്‍ച്ചില്‍ നടന്ന വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി. ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ പരാജയപ്പെടുത്തിയാണ് എ.ഐ.എസ്.എഫ്. നേതാവ് കനയ്യകുമാര്‍ ജെ.എന്‍.യു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യാധികാരത്തിന്റെ കരുത്തും ആവശ്യത്തിന് പണവും ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിട്ടും അവര്‍ക്കുണ്ടായ പരാജയം കനത്ത തിരിച്ചടിയായി. 
ഇന്ത്യയുടെ ഭരണം പിടിച്ചടക്കിയ സംഘപരിവാറിന് ഇന്ത്യയുടെ മിനിപതിപ്പ് എന്ന് വിശേഷിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ കൈവശപ്പെടുത്താന്‍ കഴിയാതെ വന്നതോടെ തികഞ്ഞ പ്രതികാരഭാവത്തോടെ ഇടപെടുകയായിരുന്നു. കാമ്പസിനകത്ത് എ.ബി.വി.പി. നടത്തിക്കൊണ്ടിരുന്ന ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്ന് ബി.ജെ.പി. നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു. സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം  അതിന്റെ കരുത്ത് ഒരിക്കല്‍കൂടി പ്രകടിപ്പിച്ചതോടെ സംഘപരിവാറിന്റെ 'ബുദ്ധി'കേന്ദ്രം പുതിയ നീക്കം ആരംഭിച്ചു. അതിനവര്‍ കരുവാക്കിയത് സുബ്രഹ്മണ്യസ്വാമിയെ ആണ്. കനയ്യകുമാര്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസം തികയുംമുമ്പ് ജെ.എന്‍.യു. തീവ്രവാദികളുടെ കേന്ദ്രമാണെന്ന ആരോപണം ഉന്നയിക്കുകയും ക്യാമ്പസില്‍ പോലീസിനെ വിന്യസിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. തീവ്രവാദികളും ദേശവിരുദ്ധരുമായ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നതെന്നും അവര്‍ക്ക് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്നും പറഞ്ഞ് എ.ബി.വി.പി. വിഷയം ഏറ്റുപിടിച്ചു. പക്ഷേ ക്യാമ്പസിനകത്തോ പുറത്തോ അതിന്റെ പേരില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്താകെ വളര്‍ന്നുവന്ന അസഹിഷ്ണുതയ്ക്കും ഹിന്ദുവര്‍ഗ്ഗീയവാദികളുടെ വെല്ലുവിളികള്‍ക്കും എതിരായും ന്യൂനപക്ഷങ്ങളെയും കലാകാരന്‍മാരെയും എഴുത്തുകാരെയും ദളിതുകളെയും വേട്ടയാടുന്ന ഹീനകൃത്യങ്ങള്‍ തുറന്നുകാണിച്ചും ജെ.എന്‍.യു. അതിന്റെ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചുകൊണ്ടിരുന്നു. ഇതോടെ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയായിരുന്നു.  ബീഫ് നിരോധനം, പൂനെ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടിലെ  വിദ്യാര്‍ത്ഥി സമരം, മദ്രാസ് ഐ.ഐ.ടി.യിലെ പ്രക്ഷോഭം, ഹൈദ്രാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ തൊട്ട് റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിഷേധിച്ചതിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ഒക്കുപ്പേ യു.ജി.സി. സമരം ഉള്‍പ്പെടെ കേന്ദ്രഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരായ പ്രതിഷേധത്തിനും ചെറുത്തുനില്‍പ്പിനും നേതൃത്വം നല്‍കിയത് കനയ്യ കുമാര്‍ പ്രസിഡന്റായ സ്റ്റുഡന്റ്‌സ് യൂണിയനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമാണ്. കനയ്യ കാമ്പസില്‍ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങളിലെ വാക്കുകള്‍ കൊണ്ട് മുറിവേറ്റവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി  പോലും ഉള്‍പ്പെടും എന്നറിയുമ്പോഴാണ് എത്ര കടുത്ത വിരോധമാണ് കനയ്യ കുമാര്‍ എന്ന മിടുക്കനായ വിദ്യാര്‍ത്ഥിനേതാവിനോട് എ.ബി.വി.പി.ക്ക് ഉള്ളതെന്ന് ബോധ്യമാവുക. ഇതിനിടയില്‍ ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ പാഞ്ചജന്യം വാരികയുടെ രണ്ട് ലക്കം പുറത്തിറക്കിയത് ജെ.എന്‍.യു. വിഷയത്തില്‍ സംഘപരിവാര്‍ എങ്ങോട്ടുനീങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ അടങ്ങിയ ലേഖനങ്ങളുമായാണെന്ന് ഇവിടെ ഓര്‍ക്കണം. ഭരണകൂടത്തിന്റെ അറിവോടെ നടന്ന ഗൂഢാലോചനയുടെ  ഇരയാണ് കനയ്യ. ബി.ജെ.പി. എം.പി. മഹേഷ് ഗിരിയും എ.ബി.വി.പി.യും നല്‍കിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തത്. എ.ബി.വി.പി.ക്കാരുടെ തിരക്കഥക്ക് അനുസരിച്ചാണ് സര്‍വ്വകലാശാല വി.സി.യും പോലീസും നിലപാട് എടുത്തത്. അവിടെ നടന്ന പ്രശ്‌നങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പോലും പോലീസ് തയ്യാറാകാത്തത് അതുകൊണ്ടാണ്. 
ഫെബ്രുവരി ഒന്‍പതിന്, വധശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും 'എ കണ്‍ട്രി വിത്തൗട്ട് പോസ്റ്റോഫീസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനും അനുമതി തേടി രണ്ട് വിദ്യാര്‍ത്ഥികള്‍ (അനിര്‍ബാന്‍, ഉമര്‍ ഖാലിദ്) ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വി.സി.ക്ക് അപേക്ഷ കൊടുക്കുന്നു. (അവരുടെ സംഘത്തിലുണ്ടായിരുന്നത് 10 പേരാണ്) വി.സി. അനുമതി കൊടുക്കുന്നു. ഒരു വിദ്യാര്‍ത്ഥി സംഘടനയുടെയും പേരിലല്ല അപേക്ഷയെന്നും രണ്ടു വിദ്യാര്‍ത്ഥികളുടെ പേരിലാണെന്നും പ്രത്യേകം ഓര്‍ക്കണം. (ഈ വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റ് അനുഭാവ സംഘടനയായിരുന്ന ഡി.എസ്.യു.വിന്റെ പ്രവര്‍ത്തകരായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ ഒരു സംഘടനയുടെയും ഭാഗമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.) പരിപാടിയുടെ സംഘടനത്തില്‍ വിദ്യാര്‍ത്ഥി യൂണിയനും എ.ഐ.എസ്.എഫ്. ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പങ്കില്ലെന്ന് സാരം. ഫെബ്രുവരി ഒന്‍പതിന് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞ എ.ബി.വി.പി. പ്രവര്‍ത്തകര്‍ വി.സി.യെ ചെന്ന് കാണുകയും ആ ദിവസം അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസമാണെന്നും അന്ന് പരിപാടി നടത്തിയാല്‍ ക്യാമ്പസില്‍ പ്രശ്‌നം ഉണ്ടാവുമെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു. ഡിസംബര്‍ 9 ന് ഉച്ചയോടെ പരിപാടിക്ക് അനുമതി നിഷേധിക്കുന്നു. 
ബഹുസ്വരതയെ എല്ലാ കാലത്തും പിന്തുണച്ച ക്യാമ്പസാണ് ജെ.എന്‍.യു. വിരുദ്ധ ആശയങ്ങളെ  കേള്‍ക്കുകയും വിമര്‍ശനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തുകൊണ്ട് വലിയ ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്ന പാരമ്പര്യമുള്ള സര്‍വ്വകലാശാലയില്‍ എ.ബി.വി.പി ഭീഷണിക്ക് വഴങ്ങി  ഒരു പരിപാടിക്ക് അനുമതി നിഷേധിച്ചത് തെറ്റാണെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ അന്ന് വൈകുന്നേരം പരിപാടി നടത്താന്‍ തയ്യാറാവുന്നു. സംവാദം തുടങ്ങാനുള്ള ഒരുക്കത്തിനിടയിലേക്ക്  ഒരു സംഘം എ.ബി.വി.പി. പ്രവര്‍ത്തകര്‍  കടന്നുവരികയും ബഹളം വെക്കുകയും സംഘാടകരായ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു.  സംഘടിച്ചെത്തിയവരുടെ കൂട്ടത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നുള്ള എ.ബി.വി.പി. പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഈ ബഹളം നടക്കുന്നതിനിടയിലേക്ക് യൂണിയന്‍ പ്രസിഡന്റ് കനയ്യാകുമാറും എ.ഐ.എസ്.എഫ്. നേതാവ് അപരാജിത രാജയും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ എത്തുകയും ബഹളം ഒഴിവാക്കാന്‍ ശ്രമം നടത്തുകയും ചെയ്തത്. ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം മുഴക്കുന്നതിനിടയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നുള്ള മുദ്രാവാക്യം ഉയരുന്നു. കൂട്ടത്തില്‍ ചിലര്‍ ഇത് ഏറ്റുവിളിക്കുന്നു. പരിപാടി അലങ്കോലപ്പെടുന്നു. സ്ഥലത്ത് എത്തിയ പോലീസിന് കാഴ്ച്ചക്കാരുടെ റോളായിരുന്നു. പരിപാടി തടസ്സപ്പെടുത്തിയ എ.ബി.വി.പി. നിലപാടില്‍ പ്രതിഷേധിച്ചും ഇന്ത്യാവിരുദ്ധ മുദ്രാവാക്യത്തെ അപലപിച്ചും പിറ്റേദിവസം ജെ.എന്‍.യു. സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ, വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ് ഷോറ, ജനറല്‍ സെക്രട്ടറി രാമനാഗ എന്നിവരുടെ പേരില്‍ പത്രക്കുറിപ്പ് പുറത്തിറക്കുന്നു. ഫെബ്രുവരി 11 ന്   ക്യാമ്പസില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ വമ്പിച്ച പ്രതിഷേധ യോഗത്തില്‍ കനയ്യകുമാര്‍ പ്രസംഗിക്കുന്നു. 23 മിനിട്ട് നീണ്ടുനിന്ന തന്റെ പ്രസംഗത്തില്‍ എ.ബി.വി.പി.യുടെ അസഹിഷ്ണുതയെ കടുത്ത വാക്കുകളില്‍ ആക്രമിക്കുകയും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുണ്ട്. ജെ.എന്‍.യു. ഒരിക്കലും ദേശവിരുദ്ധതയെയും തീവ്രവാദത്തെയും പിന്തുണക്കില്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്. ആര്‍.എസ്.എസും ബി.ജെ.പി.യും നടത്തുന്ന മനുഷ്യത്വവിരുദ്ധമായ നടപടികളെ പരിഹസിക്കുന്നുണ്ട്. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ വിമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരാണെന്ന എ.ബി.വി.പി.യുടെ പ്രചാരണത്തെ കനയ്യ ശക്തമായ ഭാഷയിലാണ് വെല്ലുവിളിച്ചത്. ഞങ്ങളുടെ ദേശസ്‌നേഹത്തിന് എ.ബി.വി.പി.ക്കാരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് കനയ്യ പ്രസംഗം അവസാനിപ്പിക്കുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസം ഫെബ്രുവരി 12 വെള്ളിയാഴ്ചയാണ് മഫ്ടിയില്‍ ക്യാമ്പസിലെത്തിയ രണ്ട് പോലീസുകാര്‍ കനയ്യയെ പിടിച്ചുകൊണ്ടുപോയി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് ജയിലിലടച്ചത്. ജെ.എന്‍.യു.വില്‍ നടന്നത് ഇതായിരിക്കെ പലരും പ്രചരിപ്പിക്കുന്നത് അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചെന്നും അതിന് നേതൃത്വം നല്‍കിയത് എ.ഐ.എസ്.എഫ്. നേതാവ് കനയ്യ ആണെന്നുമാണ്. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാനാണ് അനുമതി ചോദിച്ചതെങ്കില്‍ സര്‍വ്വകലാശാല അധികാരികള്‍ അത് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാമോ? (കഴിഞ്ഞ ജനുവരി 27 ന് ചുമതലയേറ്റ വി.സി. എം. ജഗദേഷ് കുമാര്‍ സംഘപരിവാറിന്റെ അടുത്ത മിത്രമാണ്.) വിദ്യാര്‍ത്ഥി യൂണിയനാണ് പരിപാടി നടത്തിയതെന്ന് പ്രചരിപ്പിക്കുന്നവര്‍ മറച്ച് വെക്കുന്നത് പരിപാടിക്ക് അനുമതി തേടിയത് രണ്ട് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു എന്ന കാര്യമാണ്. വിദ്യാര്‍ത്ഥിയൂണിയന്‍ നടത്തുന്ന പരിപാടിക്ക് അനുമതി തേടേണ്ടത് അതിന്റെ ഭാരവാഹികളല്ലേ, അനുമതി തേടിയവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ബഹളം നിയന്ത്രിക്കാനെത്തിയ വിദ്യാര്‍ത്ഥി നേതാവിനെ കേസ്സില്‍കുടുക്കിയത് എന്തിന് വേണ്ടി? ഇവിടെയാണ് ഗൂഢാലോചനയെക്കുറിച്ച് സംശയം ഉയരുന്നത്.  
~ഒരാള്‍ ഭരണകൂടത്തെ അതിന്റെ മോശം പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശിച്ചാല്‍ അവരെ കാത്തിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണെങ്കില്‍ ജനാധിപത്യത്തില്‍ വിയോജിപ്പിനും വിമര്‍ശനത്തിനുമുള്ള ഇടം നഷ്ടപ്പെട്ടു എന്ന് പറയേണ്ടിവരും. 1936-ല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഘട്ടത്തില്‍ പിറവികൊണ്ട് സ്വാതന്ത്ര്യസമ്പാദന പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തിയ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും ഇല്ലാതിരുന്നവരുടെ പിന്‍മുറക്കാരാണെന്നതാണ് വിചിത്രമായ കാര്യം. 
ജെ.എന്‍.യുവിലെ വിവിധ സ്‌കൂളുകളിലെ  ഡീന്‍മാരായിരുന്ന ഡോ. കെ.എന്‍.പണിക്കര്‍, സി.പി. ഭാംബ്രി, അനില്‍ ഭാട്ടി, ഉത്സവ പട്‌നായിക്, പ്രഭാത് പട്‌നായിക്, സോയഹസന്‍, അനില്‍ മുഖര്‍ജി, മൃദുല മുഖര്‍ജി, ആദിത്യ മുഖര്‍ജി എന്നിവര്‍ ഈ പ്രശ്‌നത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ആദ്യം തന്നെ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട അവര്‍ കനയ്യയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ജെ.എന്‍.യു.വിന്റെ രാഷ്ട്രീയ പ്രതിബദ്ധത തകര്‍ക്കാനും അസഹിഷ്ണുതയ്‌ക്കെതിരെ വളരുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും നടക്കുന്ന ശ്രമങ്ങളെ അപലപിച്ചുകൊണ്ട് അവര്‍ അടിവരയിട്ട് പറഞ്ഞ കാര്യം, ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എ.ഐ.എസ്.എഫിനെ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ത്ഥിയായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ സുവ്യക്തമാണെന്നും രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നത് വിശ്വസനീയതയുടെ എല്ലാ സീമകള്‍ക്കും അപ്പുറമാണെന്നുമാണ്. 
ഫെബ്രുവരി 9 ന് നടന്ന പരിപാടിയിലേക്ക് കടന്നുവന്ന എ.ബി.വി.പി.ക്കാരില്‍ ചിലരാണ് ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതെന്നതിന്റെ തെളിവുമായി സി.ടി.വി. പുറത്തുവിട്ട വീഡിയോദൃശ്യത്തെ പറ്റി അന്വേഷണം നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായി സ്വീകരിക്കുന്ന വഴികള്‍ ഏതൊക്കെ ആണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് വീഡിയോ ദൃശ്യം. ഇതിനെക്കുറിച്ച് ഒരക്ഷരം പറയാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജെ.എന്‍.യുവിലെ പരിപാടിക്ക് ലഷ്‌കര്‍ പിന്തുണ കിട്ടിയിട്ടുണ്ടെന്ന പ്രഖ്യാപനം നടത്തിയെങ്കിലും അത് ചീറ്റിപ്പോയി. ഹാഫിസ് സയിദ് എന്ന ആളുടെ പേരില്‍ ഇറങ്ങിയ ട്വിറ്റര്‍ കുറിപ്പാണ്  രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞത്. ആ അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി പറയുന്നത്. വ്യാജട്വിറ്ററിന്റെ പേരില്‍ ആഭ്യന്തരമന്ത്രി തന്നെ രംഗത്ത് വന്ന് അപഹാസ്യനായി. ഇപ്പോഴും ദല്‍ഹി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് കനയ്യയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ്. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്ന്  ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച പാട്യാല ഹൗസ് കോടതിയില്‍ കനയ്യയെ ഹാജരാക്കിയപ്പോള്‍ എ.ബി.വി.പി. പ്രവര്‍ത്തകരും അവരെ അനുകൂലിക്കുന്ന അഭിഭാഷകരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സി.പി.ഐ. നേതാവ് ബിനോയ് വിശ്വത്തിനും എ.ഐ.എസ്.എഫ്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. അവിടെ കാഴ്ച്ചക്കാരുടെ റോള്‍ നിര്‍വ്വഹിച്ച പോലീസ് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത ഒ.പി.ശര്‍മ്മയെന്ന ബി.ജെ.പി. എം.എല്‍.എ. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും മര്‍ദ്ദനം ഏറ്റുവാങ്ങിയവരുടെ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ബുധനാഴ്ച കോടതിമുറിയില്‍ വച്ചാണ് കനയ്യകുമാര്‍ ആര്‍.എസ്.എസുകാരായ അഭിഭാഷകരാല്‍ ആക്രമിക്കപ്പെട്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടേണ്ട സുപ്രീംകോടതി നിയമിച്ച അഭിഭാഷക സംഘത്തിന് നേരെയും ആര്‍.എസ്.എസ്. സംഘം  അഴിഞ്ഞാടി. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് രാജ്യതലസ്ഥാത്തെ കോടതികളില്‍ പോലും രക്ഷയില്ലെന്ന് വരുന്നത് രാജ്യം എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ്. 
കനയ്യകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജെ.എന്‍.യു.വിലെ എ.ബി.വി.പി. ഒഴിച്ചുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി സമരം ചെയ്യുകയാണ്. അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നു. രാജ്യത്താകെ വിദ്യാര്‍ത്ഥികള്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. പഠിച്ചത് മതി, പഠിപ്പിച്ചതും എന്ന് പ്രഖ്യാപിച്ച് ഇന്നലെ നടന്ന അഖിലേന്ത്യാ പഠിപ്പുമുടക്ക് വന്‍വിജയമായിരുന്നു. 
എന്നും ധീരമായ രാഷ്ട്രീയത്തിന്റെയും ആശയപരമായ  പോരാട്ടങ്ങളുടെയും വേദിയായിരുന്ന ജെ.എന്‍.യു.വിന്റെ ഉന്നതമായ ജനാധിപത്യ സംസ്‌കാരത്തെ മാനിക്കാനും ക്യാമ്പസില്‍ നിന്ന് പോലീസിനെ പിന്‍വലിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും തയ്യാറാവണമെന്നാണ് സമരത്തിന് പിന്തുണ നല്‍കുന്ന ജെ.എന്‍.യു. ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ 40 കേന്ദ്ര സര്‍വ്വകലാശാലകളിലെയും പൂനെ ഫിലിം ഇന്‍സ്റ്റിറ്ര്യൂട്ടിലെയും അധ്യാപകര്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ആഗോളമാനം  നല്‍കി കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്, കൊളംബിയ തുടങ്ങിയ പ്രമുഖ സര്‍വ്വകലാശാലകളിലെ 455 അധ്യാപകര്‍ രംഗത്ത് വന്നിരിക്കുന്നു. നോംചോസ്‌കിയും ഓര്‍ഹാന്‍ ഫാമുക്കും അടക്കമുള്ള 86 ബുദ്ധിജീവികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. 
ഹിന്ദുത്വ രാഷ്ട്രത്തിന്റെ തേര്‍വാഴ്ചയുടെ കാലത്ത് നമ്മുടെ രാജ്യത്തിന് വലിയ വില നല്‍കേണ്ടിവരും എന്നതിന്റെ ഏറ്റവും വലിയ തെളിവാകുകയാണ് ജെ.എന്‍.യു. ഈ സമരത്തില്‍ ജനാധിപത്യശക്തികള്‍ക്ക് വിജയിച്ചേ തീരു - കാരണം നമ്മുടെ നാട്, നാളെയും നിലനില്‍ക്കാന്‍ അതാവശ്യമാണ്.